ചവറ: അഭിമന്യു സുജിത്തും എസ്. ദക്ഷും ജപ്പാനില്‍ നടക്കുന്ന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. രണ്ടു പേരും 24 മുതല്‍ 27വരെ ജപ്പാനിനെ യോക്കോഹാമ ബുന്റായില് നടക്കുന്ന അന്താരാഷ്ട്ര ലോക കരാട്ടേ ചാമ്പ്യന്‍ഷിപ്പിനാണ് യോഗ്യത നേടിയിരിക്കുന്നത്.
വേള്‍ഡ് ഷിറ്റോറിയു കരാട്ടെഡോ ഫെഡറേഷനാണ് മത്സരം നടത്തുന്നത്. നീണ്ടകര പുത്തന്‍തുറ പ്രസന്ന മന്ദിരത്തില്‍ വിരമിച്ച സൈനികന് ശ്യാം ലാലിന്റെയും ആര്യാ ജിത്തിന്റെയും മകനാണ് തേവലക്കര ഹോളി ട്രിനിറ്റിയില്‍ എട്ടില്‍ പഠിക്കുന്ന ദക്ഷ്. നീണ്ടകര ചീലാന്തി മുക്കില്‍ ഗൗരി നിവാസില്‍ എച്ച്എസ്ഇ മാനേജര്‍ സുജിത് സുധാകരന്റെയും അധ്യാപിക ശോഭാ സുജിത്തിന്റെയും മകനാണ് ചവറ സിദ്ധാര്‍ഥ സ്കൂളില്‍ എട്ടില്‍ പഠിക്കുന്ന അഭിമന്യൂ സുജിത്. രണ്ട് പേരും എട്ട് വര്‍ഷമായി ചവറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷിട്ടോ റിയോ കരാട്ടോ ഇന്റര്‍നാഷണലില്‍ എസ്.അനിലിന്റെയും പീറ്ററിന്റെയും നേതൃത്വത്തില്‍ കരാട്ടേ പരിശീലനം നടത്തി വരുകയാണ്. പലതവണ ദേശീയതലത്തില്‍ മത്സരിച്ചിട്ടുള്ള ഇവരുടെ സ്വപ്നമായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പിൽ മത്സരിക്കുകയെന്നത്.
സംസ്ഥാന തലത്തില്‍ വിജയിച്ച ശേഷം മൈസൂരില്‍ നടത്തിയ ദേശീയതല മത്സരത്തിലും വിജയിച്ചാണ് ഈ മിടുക്കര്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് പട്ടം നേടിയെടുക്കുന്നതിനായി ജപ്പാനിലേക്ക് പോകുന്നത് നാടിന് അഭിമാനമായി മാറിയ ഇരുവരെയും മുന്‍ ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.